റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചി സ്വദേശി നാട്ടിൽ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദായത്ത് നഗർ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ അക്കൗണ്ട്സ് ഓഫീസറായിരിക്കെ പ്രവാസിയായ ഇദ്ദേഹം ജിദ്ദയിൽ സീമൻസ് കമ്പനി ജീവനക്കാരനായിരുന്നു.
ജിദ്ദയിലും റിയാദിലുമായി പ്രവാസജീവിതം നയിച്ച ഇദ്ദേഹം വിരമിക്കുമ്പോൾ സീമൻസ് കമ്പനിയിൽ ഡിവിഷൻ ഫിനാൻസ് ഹെഡ് ആയിരുന്നു. സൗദിയിൽ തനിമ കലാസാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചു പോയ ഇദ്ദേഹം ബിസിനസ് രംഗത്തും നാട്ടിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ജമാഅത്തെ ഇസ്ലാമി കളമശ്ശേരി ഏരിയ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.
എം.ഇ.എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരേതനായ എം. അലിയുടെ സഹോദരി സുലൈഖയാണ് ഭാര്യ, മക്കള്‍: അബ്ദുല്‍ സാദിഖ്, മാജിദ. മരുമക്കള്‍: ഫാത്തിമ, നൗഫല്‍. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയിൽ നടന്നു.