എരഞ്ഞിപ്പാലം ജവഹർ നഗറിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ജവഹർ നഗറിന് സമീപം വെച്ചാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. റയീസിന്റെ കാറും സംഘം തട്ടിയെടുത്തു.
റയീസിന്റെ പെൺസുഹൃത്തിനെക്കൊണ്ട് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺസുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. അഭിറാം, സിനാൻ, അബൂതാഹിർ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. അഭിറാമിന് 45 ലക്ഷം രൂപയും അബൂതാഹിറിന് 19 ലക്ഷം രൂപയും റയീസ് നൽകാനുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പലതവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികളുടെ മൊഴി. ദുബായിൽ സർക്കാർ കമ്പനിയിൽ ജോലി ചെയ്യുന്ന റയീസ് ഐഫോൺ വാഗ്ദാനം ചെയ്താണ് പ്രതികളിൽ നിന്ന് പണം തട്ടിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാട്ടിൽ ഇയാൾക്ക് ‘ഐഫോൺ റയീസ്’ എന്ന വിളിപ്പേരുമുണ്ട്.
പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവത്തിൽ രാവിലെ ആറരയോടെ തന്നെ കോഴിക്കോട് – മലപ്പുറം അതിർത്തിയായ കക്കാംടംപൊയിലിൽ വെച്ച് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. റയീസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
അതേസമയം, കേസിൽപ്പെട്ടപ്പോൾ ഇക്കാര്യം പുറത്തുപറഞ്ഞതിനാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് റയീസ് നൽകിയ മൊഴി. റയീസിന്റെ മൊഴികളിൽ ഉൾപ്പെടെ പൊരുത്തക്കേടുകൾ ഉണ്ടെന്നും അതിനാൽ വിശദമായ അന്വേഷണത്തിന് ശേഷമേ കേസിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. നിലവിൽ ഐ.പി.സി 365 പ്രകാരം തട്ടിക്കൊണ്ടുപോകലിനാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.