Fincat

മുസ്‌ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരത്തില്‍ സി എച്ച് മുഹമ്മദ് കോയയുടെ പേരില്ല; സി എച്ചിനെ മറന്നെന്ന് പരാതി

കോഴിക്കോട്: മുസ്‌ലിം ലീഗിൻ്റെ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വീണ്ടും വിവാദം. ഉദ്ഘാടനം കഴിഞ്ഞ ഡല്‍ഹി ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകളില്ലാത്തതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇ അഹമ്മദ് ഉള്‍പ്പെടെ മറ്റ് ദേശീയ നേതാക്കളെ ഓര്‍മിച്ചെന്നും കെട്ടിടത്തിലെ ഒരു മുറി പോലും സി എച്ചിന്റെ പേരിലില്ലെന്നുമാണ് വിമര്‍ശനം. നേതൃത്വത്തിന് മുന്നില്‍ സി എച്ച് മുഹമ്മദ് കോയയുടെ മകൻ എം കെ മുനീര്‍ പരാതിയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചാണ് എം കെ മുനീർ പരാതി അറിയിച്ചത്.

വിഷയത്തില്‍ വിമര്‍ശനവുമായി കെ ടി ജലീലും രംഗത്തെത്തി. ലീഗ് സി എച്ച് മുഹമ്മദ് കോയയെ മറന്നുവെന്നാണ് കെ ടി ജലീലിന്റെ വിമര്‍ശനം. നേരത്തെ ഉദ്ഘാടന ചടങ്ങില്‍ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് വിവാദമായിരുന്നു.

കഴിഞ്ഞ മാസം 24നാണ് ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ നിര്‍മ്മിച്ച ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പാര്‍ട്ടി സ്ഥാപകനായ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സായിബിൻ്റെ പേരില്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആസ്ഥാന മന്ദിരം 28 കോടി രൂപ ചിലവട്ടാണ് നിര്‍മ്മിച്ചത്. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനം യാഥാര്‍ത്ഥ്യമായതോടെ ഉത്തരേന്ത്യയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രതീക്ഷ.