Fincat

യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ച് പൊലീസ്

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ ലഭിച്ചത്. 2023 ഏപ്രിൽ അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ചാണ് സംഭവം നടന്നത്.

വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കി. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ജീപ്പിൽ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോൾ തന്നെ പൊലീസുകാർ മർദ്ദിക്കുന്നുണ്ട്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി.

പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തു.

സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകാൻ തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷൻ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടർന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാവാൻ കർശന നിർദേശം നൽകുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.