Fincat

17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു; സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്കും ഗുരുതര പൊള്ളല്‍


പനത്തടി: കാസറകോട് പനത്തടി പാറക്കടവില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ് ഒഴിച്ചത്.മകളെ കൂടാതെ സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിച്ചു. ആക്രമണത്തില്‍ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡ് ആക്രമണം നടത്തിയത്.

പനത്തടി പാറക്കടവിലെ ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബർഷീറ്റ് നിർമിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചത്. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്തടക്കം പൊള്ളലുണ്ടെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ മനോജ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ആസിഡ് ആക്രമണത്തിന് പുറമേ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍ എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടർന്നുണ്ടായ വിരോധം മൂലമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.