Fincat

അധ്യാപകനും വിദ്യാർഥിയും ഏറ്റുമുട്ടിയ സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയും സസ്പെൻഷനിലാണ്.

കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനമുണ്ടായത്. അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.