കല്പറ്റ(വയനാട്): കള്ളക്കേസും കൈയാങ്കളിയും അഴിമതിയാരോപണങ്ങളും പിന്നിട്ട് രണ്ടു പ്രധാനനേതാക്കള്‍ ജീവനൊടുക്കിയ ദാരുണാവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്ബത്തികക്രമക്കേടുകള് ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എൻ.എം. വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്.
ജൂലായില്‍ മുള്ളൻകൊല്ലിയില്‍ നടന്ന വികസനസെമിനാറില്‍ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനുനേരേ നടന്ന കൈയേറ്റത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻതന്നെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ പരസ്യതാക്കീത് നല്‍കിയിരുന്നു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി 16 ദിവസം ജയിലിലടപ്പിച്ചതിന് പിന്നാലെ നടന്ന ആരോപണ-പ്രത്യാരോപണങ്ങളാണ് ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. നേതാക്കളുടെ മരണത്തിലേക്കെത്തിച്ച രണ്ടുവിഷയങ്ങളിലും ഡിസിസി പ്രസിഡന്റുതന്നെ ആരോപണവിധേയനാണ് എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വലയ്ക്കുന്നത്.
മുള്ളൻകൊല്ലിയില്‍ കുറേക്കാലമായി ഗ്രൂപ്പുപ്രശ്നങ്ങള് തുടരുന്നുണ്ട്. നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിനുപകരം മൂടിവെക്കാനും വഷളാക്കാനുമാണ് ശ്രമിച്ചതെന്നാണ് ആരോപണം. ജില്ലാനേതൃത്വംതന്നെ ഒരുപക്ഷം ചേർന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയതെന്ന് പ്രവർത്തകരില്‍ ഒരുവിഭാഗം പറയുന്നു. വീട്ടിലെ കാർപോർച്ചില്‍ നിർത്തിയിട്ട കാറിന്റെ അടിയില്‍ കവറില്‍ വെച്ചനിലയില്‍ സ്ഫോടകവസ്തുക്കളും കർണാടകനിർമിത മദ്യവും കണ്ടെത്തിയതോടെയാണ് കാനാട്ടുമല തങ്കച്ചൻ അറസ്റ്റിലാവുന്നത്.
ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണിതെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മദ്യം വാങ്ങിയ പ്രസാദ് അറസ്റ്റിലാവുന്നതും തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തുന്നതും. അപ്പോഴേക്കും 16 ദിവസം തങ്കച്ചൻ ജയിലില്‍ റിമാൻഡിലായിരുന്നു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ തങ്കച്ചൻ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഇപ്പോള്‍ മരിച്ച ജോസ് നെല്ലേടം, ഡിസിസി ജനറല്‍ സെക്രട്ടറി പി.ഡി. സജി, മുള്ളൻകൊല്ലി മുൻ മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍, അനീഷ് മാമ്ബള്ളി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുനേരേ ആരോപണം ഉന്നയിച്ചു. ഇവരാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നായിരുന്നു ആരോപണം. കേസിന് രാഷ്ട്രീയപ്രാധാന്യംകൂടി കൈവന്നതോടെ ഡിവൈഎസ്പി കേസന്വേഷണം ഏറ്റെടുത്തു.
പിന്നാലെ, തങ്കച്ചൻ ആരോപണമുന്നയിച്ച നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന സ്ഥിതിയുമുണ്ടായിരുന്നു. അറസ്റ്റിലായ പ്രസാദും തങ്കച്ചൻ ആരോപണം ഉന്നയിച്ച നേതാക്കളില്‍ ഒരാള്‍ സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞിട്ടാണ് താൻ മദ്യം വാങ്ങിനല്‍കിയതെന്ന് മൊഴിനല്‍കിയതായാണ് സൂചന.
സിപിഎമ്മും ബിജെപിയും രാഷ്ട്രീയമായും കള്ളക്കേസിനെ ഏറ്റെടുത്തതോടെ ആരോപണവിധേയരായ നേതാക്കളെല്ലാംതന്നെ ആശങ്കയിലായിരുന്നു. ജോസ് നെല്ലേടത്തിന്റെ മരണത്തോടെ കള്ളക്കേസ് ആരോപണം കൂടുതല്‍ ഗുരുതരമാവുകയാണ്. ഇതിനിടെ എൻ.എം. വിജയന്റെ കുടുംബവും തങ്ങള്‍ക്ക് കെപിസിസി നേതൃത്വം നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോപണം ഉയർത്തുന്നുണ്ട്.
ജില്ലയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം പ്രാദേശികനേതാക്കളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളി കോണ്‍ഗ്രസിന് തലവേദനയാണ്. സംസ്ഥാന സമവാക്യമോ ഗ്രൂപ്പുകളോ അല്ല ഇതിനെ നിയന്ത്രിക്കുന്നത്.
പ്രാദേശികതാത്പര്യങ്ങള്‍ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൂടി അടുക്കാറായതോടെ ഗ്രൂപ്പുകള്‍ സജീവവുമാണ്. 15 ചേരുന്ന കെപിസിസി യോഗത്തില്‍ ഈ വിഷയവും ചർച്ചയാവുമെന്നും ആരോപണങ്ങളെല്ലാം അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കുമെന്നുമാണ് നേതാക്കളും പ്രതീക്ഷിക്കുന്നത്.
മുള്ളൻകൊല്ലി: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം, ഗ്രൂപ്പുപോരിന്റെയും
പുല്പള്ളി: കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ണാണ് മുള്ളൻകൊല്ലി. ഏതു രാഷ്ട്രീയപ്രതിസന്ധിയിലും കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന പാർട്ടികുടുംബങ്ങളുള്ള ഇടം. ജില്ലയിലെ കോണ്‍ഗ്രസിലെ പ്രധാനനേതാക്കള്‍ പലരും മുള്ളൻകൊല്ലിയില്നിന്നാണ്.
കോണ്‍ഗ്രസിലെ ഗ്രൂപ്പുസമവാക്യങ്ങള്‍ അതുകൊണ്ടുതന്നെ എല്ലാക്കാലത്തും മുള്ളൻകൊല്ലിയില്‍ സജീവവുമായിരുന്നു. എന്നാല്‍, തങ്കച്ചന്റെപേരിലുള്ള കള്ളക്കേസിലേക്കും പിന്നീട് ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്കുംവരെ ഗ്രൂപ്പ് താത്പര്യങ്ങള്‍ എത്തിയതിന്റെ അന്ധാളിപ്പിലാണ് മുള്ളൻകൊല്ലിയിലെ പാർട്ടിപ്രവർത്തകർ.മണ്ഡലം കോണ്‍ഗ്രസ് പുനഃസംഘടനയോടെയാണ് മുള്ളൻകൊല്ലിയിലെ ഇപ്പോള്‍ കൈവിട്ട ഗ്രൂപ്പുവഴക്കിന്റെ തുടക്കം. മുതിർന്നനേതാക്കള്‍ പലരും പ്രതീക്ഷിച്ചിരുന്ന മണ്ഡലംപ്രസിഡന്റ് സ്ഥാനത്തേക്ക് യുവനേതാവായ ഷിനോ കടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെതിരേ പലകോണില്‍നിന്നും വിമർശനമുയർന്നു. പരസ്യമായും രഹസ്യമായും വിഭാഗീയപ്രവർത്തനങ്ങളുണ്ടായി. ഇതു പരിഹരിക്കുംമുൻപ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹംതന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പരസ്യമായ ചേരിതിരിവായി. ഇതിനിടെ കോണ്‍ഗ്രസ് പാർട്ടി പ്രവർത്തകയെ ജാതീയമായി അപമാനിച്ചുവെന്ന് മണ്ഡലം പ്രസിഡന്റിനുനേരേ ആരോപണം ഉയരുകയും പാർട്ടി അന്വേഷണകമ്മിഷനെവെച്ച് അന്വേഷണം നടക്കുകയും ചെയ്തു.
ആത്മഹത്യക്കുപിന്നില്‍ സിപിഎമ്മിന്റെ വ്യക്തിഹത്യ -ഡിസിസി പ്രസിഡന്റ്
കല്പറ്റ: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യക്കുപിന്നില്‍ സിപിഎമ്മിന്റെ വ്യക്തിഹത്യയെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. സിപിഎം പൊതുയോഗത്തില്‍ അസഭ്യം പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപിച്ചു. ഇതില്‍ വലിയ മനോവേദന അദ്ദേഹത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസിലെ വിഭാഗീയതയുടെ പേരിലല്ല ജോസ് നെല്ലേടത്തിന്റെ മരണം. ജോസ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചയാളാണ്. കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയപ്രശ്നങ്ങളുണ്ടായിരുന്നു.
അത് പ്രത്യേകസമിതി പരിഹരിച്ചതാണ്. കാനാട്ടുമലയില്‍ തങ്കച്ചൻ ഉന്നയിച്ച ആരോപണങ്ങളില്‍ എന്താണ് സംഭവിച്ചത്, എങ്ങനെയാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത് എന്നതിലൊക്കെ വ്യക്തത വരണം. എൻ.എം. വിജയന്റെ മരണത്തെത്തുടർന്നുള്ള വിഷയങ്ങളിലെ നടപടികള്‍ സംബന്ധിച്ച് അറിയില്ല. അത് കെപിസിസി നേരിട്ടാണ് പരിശോധിക്കുന്നത്. നിലവിലെ മുഴുവൻ വിഷയങ്ങളും അന്വേഷിക്കാൻ 15-ന് നടക്കുന്ന കെപിസിസി യോഗത്തില്‍ അഭ്യർഥന നടത്തും. അന്വേഷണത്തിനായി പ്രത്യേകസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
നേതാക്കളുടെ പോരിന്റെ ഇര, കോണ്‍ഗ്രസ് കൊലയാളിസംഘമായി -സിപിഎം
കല്പറ്റ: ക്രിമിനല്‍ നേതൃത്വത്തിനുകീഴില്‍ ജില്ലയില്‍ കോണ്‍ഗ്രസ് കൊലയാളിസംഘമായെന്ന് സിപിഎം ജില്ലാസെക്രട്ടേറിയറ്റ്. അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ് ജോസ്. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന്റെ തുടർച്ചയായാണ് ജോസിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണറിയുന്നത്.
നേതാക്കളുടെ ചതിയില്‍ കുടുങ്ങിയാണ് ജോസിന് ജീവനൊടുക്കേണ്ടിവന്നതെന്നാണ് പുറത്തുവരുന്ന വിവരം. നേതാക്കളുടെ സാമ്ബത്തികത്തട്ടിപ്പില്‍ കുരുങ്ങി ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറുംമുൻപാണ് ജോസ് നെല്ലേടത്തിന്റെ മരണം.
മാനന്തവാടിയിലെ മുതിർന്ന നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി. ജോണ്‍ മുൻപ് കോണ്‍ഗ്രസ് ഓഫീസില്‍ത്തന്നെ ജീവനൊടുക്കിയതാണ്. പുല്പള്ളിയില് നേതാക്കള്‍ സാമ്ബത്തികത്തട്ടിപ്പില്‍ കുരുക്കിയ കർഷകനും കോണ്‍ഗ്രസ് പ്രവർത്തകനുമായിരുന്ന രാജേന്ദ്രൻ നായർക്കും ജീവനൊടുക്കേണ്ടിവന്നു. സാമ്ബത്തികനേട്ടത്തിനും അധികാരത്തിനും ക്രിമിനല്സംഘമായിമാറിയ നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സാമ്ബത്തിക, അധികാര താത്പര്യത്തിനുവേണ്ടി സ്വന്തം അണികളെ മരണത്തിലേക്കു തള്ളിവിടുന്നത് തുടർക്കഥയാവുകയാണെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ് പറഞ്ഞു. വിഷയത്തില്‍ പ്രിയങ്കാഗാന്ധി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധോലോകമാഫിയയെ വെല്ലുംവിധം കോണ്‍ഗ്രസ് തരംതാഴ്ന്നു -സിപിഐ ജില്ലാസെക്രട്ടറി
കല്പറ്റ: അധോലോകമാഫിയയെപ്പോലും വെല്ലുന്ന വിധത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തരംതാഴ്ന്നെന്ന് സിപിഐ ജില്ലാസെക്രട്ടറി ഇ.ജെ. ബാബു. ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണംമുതല്‍ ജോസ് നെല്ലേടത്തിന്റെ മരണംവരെയുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയെ കള്ളക്കേസില്‍ കുടുക്കാനും ജയിലിലടപ്പിക്കാനും ഡിസിസി പ്രസിഡന്റ് ഒത്താശ നല്‍കിയെന്ന് ഇരതന്നെ വെളിപ്പെടുത്തിയിരുന്നു. എൻ.എം. വിജയന്റെ മരണക്കുറിപ്പിലും തന്റെ മരണത്തിനുത്തരവാദി ഡിസിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പഞ്ചായത്തംഗത്തിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇ.ജെ. ബാബു ആവശ്യപ്പെട്ടു.