ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. ചെർപ്പുളശ്ശേരി വെള്ളിനേഴിയിലെ പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) ന് നേരെയാണ് ആക്രമണമുണ്ടായത്. മണ്ണുംകാട്ടിൽ സജിത്ത് (34) ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ 10ന് രാത്രി 11.00 മണിയോടെയാണ് സംഭവം. ചെർപ്പുളശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടർ ഷഹീബ് റഹ്മാന്റെ നേതൃത്വത്തിൽ സി പി ഒ അരുൺ, സി പി ഒ നവാസ് ഷരീഫ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോൺ വിളിച്ചപ്പോൾ എടുക്കാത്തത് പ്രകോപനം
സന്തോഷിന്റെ അയൽവാസിയായ സജിത്ത്, ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കൈകൊണ്ടും സ്റ്റീൽ വളകൊണ്ടും അടിക്കുകയും, കണ്ണാടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സന്തോഷിന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ അവരെയും സജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. സന്തോഷിന് തലയിലും കണ്ണിന് താഴെയും ഗുരുതരമായ പരിക്കുകളുണ്ട്.