ഉറങ്ങി കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശയൊഴിച്ചു. കൂട്ടുകാരുടെ ക്രൂരമായ തമാശക്ക് ഇരയായ വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ഒഡിഷ കാണ്ഡ്മാല്‍ ജില്ലയിലെ സലാഗുഡ സേവാശ്രമ സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. രാത്രി ഉറങ്ങികിടന്നിരുന്ന വിദ്യാര്‍ഥികളുടെ കണ്ണിലേക്ക് സഹപാഠികള്‍ ഇന്‍സ്റ്റന്റ് ഗ്ലൂ ഒഴിക്കുകയായിരുന്നു. വേദനയും അസ്വസ്ഥതയും മൂലം എഴുന്നേല്ക്കാന് ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണുകള്‍ തുറക്കാനായില്ല. പൂര്‍ണ്ണമായി കണ്ണുകള്‍ ഒട്ടിപോയിരുന്നു.
3,4,5 ക്ലാസുകളിലെ 8 വിദ്യാര്‍ഥികള്‍ക്കാണ് സഹപാടികളുടെ ക്രൂരമായ തമാശ മൂലം ദുരനുഭവം ഉണ്ടായത്.വേദനയും പേടിയും മൂലം കരഞ്ഞ കുട്ടികളെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് കണ്ണിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാതെ രക്ഷപ്പെട്ടത്.
വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ അധ്യാപകരുടെ അലംഭാവവും ചര്‍ച്ചയാകുന്നുണ്ട്. വിമര്‍ശനങ്ങള്‍ പിന്നാലെ പ്രധാന അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.