Fincat

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല

കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും ചുവട് വെയ്ക്കുന്നു. അണുസംക്രമണം തടയുന്നതും പാർശ്വഫലരഹിതവുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായി (NDDB) സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തിക ബാധ്യത അധികമില്ലാത്ത ഔഷധങ്ങളുടെ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നത്.
മൃഗായുർവേദത്തിൽ പശു, ആട്, ആന, കുതിര തുടങ്ങിയവയുടെ ആരോഗ്യം സംരക്ഷിക്കുന്ന ഔഷധങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശാലിഹോത്രസാഹിത എന്ന ഗ്രന്ഥത്തിൽ മൃഗാ രോഗ്യസംരക്ഷണ പ്രയോഗങ്ങൾ വിവരിക്കുന്നു. ആധികാരികഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള ഔഷധങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനരീതിയിൽ ഉല്പാദിപ്പിക്കുകയും അവയുടെ ഗവേഷണം NDDB യുമായി സഹകരിച്ചു നടത്തുവാനുള്ള ധാരണാപത്രമാണ് കൈമാറിയത്.
പശു, ആട്, മുതലായ വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളാണ് പ്രധാനമായും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധശക്തി നിലനിർത്തുന്നതിനും സഹായിക്കുന്ന ഔഷധങ്ങളാണ് ആദ്യഘട്ടത്തിൽ ഉത്പാദിപ്പിക്കുക. പ്രസവാനന്തര ആരോഗ്യസംരക്ഷണത്തിനായി ഈസ്പ‌ാർട്ട്, ഗർഭാശയസങ്കോചത്തിനും മറുപിള്ള പുറത്തുപോവുന്നതിനുമായി എക്‌സ്‌പ്ലാസ, ദഹനശക്തി വർധിപ്പിയ്ക്കാനായി ഡൈജാക്ട്, പാലിൻ്റെ ഗുണനിലവാരം കൂട്ടുന്നതിനായി ക്വാളിമിൽക്ക്. സബ്ക്ലിനിക്കൽ മാസ്റ്റെറ്റിസ് തടയുന്നതിനായി ഹീൽമാസ്റ്റ് എന്നീ മരുന്നുകളാണ് ഈഘട്ടത്തിൽ വിപണിയിലെത്തിയ്ക്കുന്നത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല അതിൻ്റെ പ്രാഗത്ഭ്യം മൃഗപരിപാലന മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിയ്ക്കുക വഴി സുരക്ഷിതവും പ്രകൃതിദത്തവും സുസ്ഥിരവുമായ ആയുർവേദ മരുന്നുകളിലൂടെ മൃഗാരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു. ആൻ്റി ബയോട്ടിക്കുകളുടെ വിവേചനരഹിത ഉപയോഗം കുറയ്ക്കുന്നതുമൂലം പാലിലും മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങളിലും വരാവുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കുറയ്ക്കുക വഴി ഉപഭോക്താക്കളുടെ ആരോഗ്യസംര ക്ഷണത്തോടൊപ്പം സുസ്ഥിരമായ മൃഗപരിപാലനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.
1965 ൽ നിലവിൽ വന്ന NDDB, ആനന്ദ്, ഇന്ത്യയിലെ പാലുൽപാദനം ശാസ്ത്രീയമായ രീതിയിൽ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. കർഷകർക്ക് ഉപകാരപ്രദമായ ഈ സ്ഥാപനം കന്നുകാലികളുടെ ആരോഗ്യസംരക്ഷണ ഉപായങ്ങൾ ശാസ്ത്രീയമായി പൊതുജനങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.ഗുണനിലവാരമുള്ള ഔഷധ നിർമ്മാണ മേഖലയിൽ പ്രധാനപങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാലയും NDDB യും സഹകരിച്ചുള്ള ഈ സംരംഭം മൃഗാരോഗ്യ സംരക്ഷണത്തിന് ഉപകാരപ്രദമാകുന്ന വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്.