ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകം നടത്തിയ ഫത്തേപൂർ സ്വദേശി സൂരജ് കുമാർ ഉത്തം (22), സുഹൃത്ത് ആഷിഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 22 മുതലാണ് ആകാൻഷ എന്ന 20കാരിയെ കാണാതായത്.
പെൺകുട്ടിക്ക് സൂരജ് കുമാറുമായുള്ള സൗഹൃദത്തെ കുറിച്ച് അമ്മ പൊലീസിന് നൽകിയ വിവരമാണ് കേസിൽ വഴിത്തിരിവായത്. കാൺപൂരിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്നു ആകാൻഷയും മൂത്ത സഹോദരിയും. ജൂണിൽ സൂരജിന്റെ നാട്ടിലെ ഹോട്ടലിലേക്ക് ആകാൻഷ ജോലിക്ക് എത്തി. വീടും ജോലി സ്ഥലവും തമ്മിൽ ദൂരം കൂടുതൽ ആയതിനാൽ ആകാൻഷ ഹോട്ടലിനടുത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ആകാൻഷയ്ക്ക് വീട് ഏർപ്പാടാക്കി കൊടുത്തത് സൂരജ് ആയിരുന്നു. താമസം മാറിയതോടെ വീടുമായി അകന്ന ആകാൻഷ ആരുമായും ബന്ധം പുലർത്തിയിരുന്നില്ല. ആകാൻഷയും സൂരജും ഒരുമിച്ചായിരുന്നു താമസം. സൂരജ് കുമാർ നൽകിയ നിർദേശപ്രകാരമാണ് പെൺകുട്ടി ജോലി സ്ഥലം മാറിയതെന്ന് പൊലീസ് കണ്ടെത്തി. ഇത് ശരിവെക്കുന്ന സന്ദേശങ്ങൾ പൊലീസിന് പ്രതിയുടെ ഫോണിൽനിന്നും ലഭിച്ചിട്ടുണ്ട്.
സൂരജിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആകാൻഷ ജൂലൈ 21 ന് റസ്റ്റോറന്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. വീട്ടിൽവെച്ചും ഇരുവരും തർക്കം തുടർന്നു. തുടർന്ന് വാക്കേറ്റത്തിനിടെ സൂരജ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനയിൽ തള്ളിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
മകളെ കുറിച്ച് താൻ സൂരജിനോട് ചോദിച്ചെന്നും എന്നാൽ തനിക്ക് അറിയില്ലെന്നാണ് മറുപടി നൽകിയതെന്നും ആകാൻഷയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ആ മറുപടിയിൽ തനിക്ക് സംശയം തോന്നിയെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. പല ഇടങ്ങളിലായി തിരച്ചിൽ നടത്തിയിട്ടും മകളെ കണ്ടെത്താനാകാതെ വന്നതോടെ ഓഗസ്റ്റ് എട്ടിന് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പിന്നാലെ സെപ്റ്റംബർ 16ന് സൂരജിനെ സംശയിക്കുന്നതായി കാണിച്ച് മാതാവ് വീണ്ടും പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതോടെ ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സൂരജ് മാസങ്ങൾക്ക് മുമ്പാണ് ആകാൻഷയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ഇരുവരുടേയും കോൾ റെക്കോഡുകളും സംഭവസമയത്തെ ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. സൂരജിന്റെ ഫോണിൽ നിന്നും മൃതദേഹം നിറച്ച സ്യൂട്ട്‌കേസിന്റെ ചിത്രം ലഭിച്ചു. കേസിലേക്ക് നയിക്കുന്ന നിർണായക വിവരങ്ങൾക്കൊപ്പം ഇയാൾ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും ഹനുമന്ത് വിഹാർ പൊലീസ് അറിയിച്ചു.
മൃതദേഹവുമായി 100 കിലോമീറ്ററോളമാണ് പ്രതികൾ സ്‌കൂട്ടറിൽ സഞ്ചരിച്ചത്. മൃതദേഹത്തിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം കേസ് വഴിതിരിച്ചുവിടുന്നതിനായി ജോലികിട്ടി മറ്റൊരു സ്ഥലത്തേക്ക് പോകുകയാണെന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും യുവാവ് ബന്ധുവിന് സന്ദേശം അയച്ചിരുന്നു.