Fincat

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഐസക്കിൻ്റെ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ശാലിനിയുടെ കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാലിനിയും ഐസകും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. രാവിലെ ആറു മണിയോടെ ശാലിനി താമസിക്കുന്ന സ്ഥലത്തെത്തിയ ഐസക് ശാലിനിയെ വെട്ടികൊല നടത്തുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം.

ശാലിനിയും, ഐസക്കും തമ്മിൽ സാമ്പത്തിക ഇടപാടുകളിലും തർക്കമുണ്ടായിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിയ ഐസക് ഒടുവിൽ കീഴടങ്ങി. പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് വെട്ടേറ്റ് കിടക്കുന്ന ഭാര്യയുടെ ചിത്രങ്ങളും പൊലീസിന് കാട്ടി കൊടുത്തു.ശാലിനിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം നടക്കുമ്പോൾ മൂത്തമകൻ വീട്ടിലുണ്ടായിരുന്നു.