Fincat

വയനാട് ലോക്സഭാ മണ്ഡലത്തിലെ എം.പി ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം നടന്നു

• നടപടികൾ വേഗത്തിലാക്കാൻ പ്രിയങ്ക ഗാന്ധി എം.പിയുടെ നിർദ്ദേശം

വയനാട് ലോക് സഭാ മണ്ഡലത്തിൽ എം. പി. ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എം പി യുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. എം. പി. യുടെ പ്രാദേശിക വികസന പദ്ധതികളുടെയും (എം. പി. ലാഡ്സ്) എൻ.എച്ച്.എം ന്റെ കീഴിലെ വിവിധ ആരോഗ്യ പദ്ധതികൾ, പി.എം.ജി.എസ്.വൈ., വിവിധ സി.എസ്.എസ് പദ്ധതികൾ തുടങ്ങിയവയുടെ അവലോകനമാണ് നടന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി രാഹുൽ ഗാന്ധി എംപിയായിരുന്ന കാലയളവിലെ അനുമതി ലഭിച്ച 53 പദ്ധതികളിൽ 45 വികസന പദ്ധതികളാണ് പൂർത്തിയായത്. എട്ട് പദ്ധതികൾ പുരോഗമിച്ചു വരുന്നു. പ്രിയങ്ക ഗാന്ധി എം.പി.ആയതിനു ശേഷം ശുപാർശ ചെയ്ത 27 പദ്ധതികളിൽ ഏഴ് പദ്ധതികളാണ് പുരോഗമിക്കുന്നത്. ബാക്കി നടപടികൾ പൂർത്തിയായി വരികയാണ്. തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്ലാറ്റ്ഫോമിന്റെ നിർമ്മാണം 2025 ഡിസംബർ 31 ന് പൂർത്തിയാവും. വികസന പദ്ധതികളിൽ ഇതുവരെ എസ്റ്റിമേറ്റ് സമർപ്പിക്കാത്തതും പുരോഗമിക്കുന്നതുമായവ വേഗത്തിലാക്കാൻ എം.പി. നിർദ്ദേശം നൽകി.

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ മണ്ഡലത്തിലെ വിവിധ പദ്ധതികളും അവലോകനം ചെയ്തു. നിലമ്പൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് രക്തം ശേഖരിച്ച് കൃത്യമായ താപ ക്രമീകരണത്തോടെ നിലമ്പൂർ രക്തബാങ്കിൽ എത്തിക്കുന്നതിനായുള്ള ബ്ലഡ് ട്രാൻസ്പോർട്ടേഷൻ വാൻ, ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാ വാക്സിൻ സ്റ്റോറിൽ നിന്നും വയനാട് ലോക്സഭാ മണ്ഡലത്തിനു കീഴിലെ ദുർഘട ആദിവാസി മേഖലകളിലേക്ക് രോഗപ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ ട്രാൻസ്പോർട്ടേഷൻ വാൻ, നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് പുതിയ ഫോർ വീൽ-ഡ്രൈവ് ജീപ്പ് എന്നീ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് എം.പി. പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലത്തിൽ ജില്ലയിൽ പി എം ജി എസ് വൈ പദ്ധതി പ്രകാരം 78.08 കിലോമീറ്റർ നീളത്തിൽ 17 റോഡ് വികസന പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ഇവയിൽ ഒൻപത് പദ്ധതികൾ (38.88 കിലോമീറ്റർ) പൂർത്തിയായി കഴിഞ്ഞു. ബാക്കിയുള്ള ആറെണ്ണം അന്തിമഘട്ടത്തിലാണ്. എടക്കര- മൂത്തേടം പഞ്ചായത്തുകളെ യോജിപ്പിക്കുന്ന മുപ്പിനി പാലത്തിന്റെ പുനർനിർമാണവും ഇവയിൽ ഉൾപ്പെടും. ഇതു കൂടാതെ എം.പി നൽകിയ 55 റോഡ് വികസന പദ്ധതികൾ സംസ്ഥാന തല സമിതിയുടെ പരിഗണനക്കായി അയച്ചിട്ടുണ്ട്.

യോഗത്തിൽ ജില്ലാ കളക്ടർ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ ആര്യാടൻ ഷൗക്കത്ത്, എ. പി. അനിൽകുമാർ, പി. കെ.ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ എ. ഡി.ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

*നിലമ്പൂർ വനമേഖലയിലെ ആദിവാസി വിഭാഗവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം പി*

നിലമ്പൂർ വനമേഖലയിലെ ചോല നായ്ക്ക ഉൾപ്പെടെ ആദിവാസി വിഭാഗത്തിന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായങ്ങൾ എത്തിക്കുന്നതിന് അവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി എംപി. മലപ്പുറം കലക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിർദ്ദേശിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിന് ആവശ്യമുള്ളതാണോ എന്ന് പരിഗണിക്കാതെയാണ് പലപ്പോഴും ഭക്ഷ്യധാന്യങ്ങളുടെയും മറ്റും വിതരണം നടത്തുന്നതെന്നും താമസ സൗകര്യങ്ങൾ ഒരുക്കുന്നതെന്നും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായങ്ങൾ എത്തിക്കുമ്പോഴേ അവ ഫലപ്രദമാവുകയുള്ളൂ എന്നും എം.പി.പറഞ്ഞു. ഇതിനായി കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർ അവരുമായി ആശയ വിനിമയം നടത്തണം.

വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും തുടർന്ന് നടക്കുന്ന അവലോകനയോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നും എം. പി. പറഞ്ഞു.