വനിതാ – ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോ.16 ന് തിരൂരിൽ
കേരള സംസ്ഥാനം 2031 ൽ 75 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നൽകുന്ന സംസ്ഥാനതല സെമിനാർ തിരൂരിൽ നടക്കും. ‘വിഷൻ 2031’ ൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്തിൽ നടക്കുന്ന 33 സെമിനാറുകളിൽ ഒന്നാണ് ഒക്ടോബർ 16ന് തിരൂരിൽ നടക്കുന്നത്.
സെമിനാറിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. തിരൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം ആരോഗ്യ- വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാല വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനോടൊപ്പം 2031 ൽ കേരളം എങ്ങനെയായിരിക്കണം, വികസന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നുള്ള ചർച്ചകളും സെമിനാറിന്റെ ഭാഗമായി നടക്കും. സെമിനാറിൽ നിന്നു ലഭിക്കുന്ന വകുപ്പുതല കാഴ്ചപ്പാടുകൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജനുവരിയിൽ നടത്തുന്ന കോൺക്ലെവിലേക്ക് കൈമാറുമെന്ന് മന്ത്രി വിശദീകരിച്ചു.
ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യ രക്ഷാധികാരിയും ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ചെയർമാനും കുറുക്കോളി മൊയ്തീൻ എം.എൽ എ, ജില്ലയിലെ മറ്റ് എം എൽ എമാർ, എം.പിമാർ എന്നിവർ വൈസ് ചെയർമാന്മാരും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ജനറൽ കൺവീനറും ജില്ലാ കളക്ടർ വി. ആർ വിനോദ് കൺവീനറുമായ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
യോഗത്തിൽ വനിതാ ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി ഗോപകുമാർ സംഘാടകസമിതി റിപ്പോർട്ട് അവതരിപ്പിച്ചു. കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ. പി. ലില്ലിസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.