Fincat

ലഹരിക്കച്ചവടം നിയന്ത്രിച്ചത് വിദേശത്തുനിന്ന്, ഇടപാടുകള്‍ മുത്തശ്ശിയുടെ അക്കൗണ്ട് വഴി; മുഖ്യകണ്ണിയായ ഹരിത പിടിയില്‍


കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്.കൊല്ലം വെസ്റ്റ് പൊലീസാണ് 27 കാരിയായ ഹരിതയെ അറസ്റ്റുചെയ്തത്. വിദേശത്ത് താമസിച്ചുവരുന്ന ഹരിത എംഡിഎംഎ കച്ചവടത്തിന്റെ മുഖ്യ ഏജന്റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് ലക്ഷം രൂപ വിലവരുന്ന 75 ഗ്രാം എംഡിഎംഎയുമായി അഖില്‍, അവിനാശ്, ശരത് എന്നീ യുവാക്കള്‍ കൊല്ലത്ത് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹരിതയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഹരിത വിദേശത്തുനിന്നും കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച്‌ ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. കേരളത്തിലെത്തിയ ഹരിതയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിന്നാലെയാണ് അറസ്റ്റുചെയ്തത്. മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു ഹരിതയുടെ ഇടപാടുകള്‍. ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.