ന്യൂഡല്‍ഹി: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ 5,023 എംബിബിഎസ് സീറ്റുകളും 5,000 പിജി സീറ്റുകളും വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.സംസ്ഥാന, കേന്ദ്രസർക്കാർ മെഡിക്കല്‍കോേളജുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ മൂന്നാംഘട്ടമായാണ് സീറ്റുകള്‍ വർധിപ്പിച്ചത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിന് ഒരു സീറ്റിനുള്ള ചെലവ് 1.2 കോടിയില്‍ നിന്ന് 1.5 കോടിയാക്കി വർധിപ്പിച്ചതായും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സീറ്റ് വർധനയ്ക്കായി 2025-’26 മുതല്‍ 2028-’29 വരെയുള്ള കാലയളവില്‍ 15,034.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 10,303.20 കോടിയും സംസ്ഥാനങ്ങളുടെ വിഹിതം 4,731.30 കോടിയുമായിരിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കും.
നിലവില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകളുള്ളത് ഇന്ത്യയിലാണ്. രാജ്യത്ത് 808 മെഡിക്കല്‍ കോളേജുകളിലായി 1,23,700 എംബിബിഎസ് സീറ്റുകളുണ്ട്. പത്ത് വർഷത്തിനിടെ 69,352 പുതിയ എംബിബിഎസ് സീറ്റുകള്‍ വർധിപ്പിച്ചു. ഇത് 127 ശതമാനം വളർച്ചയാണ്. ഇതേ കാലയളവില്‍ 43,041 പിജി സീറ്റുകള്‍ വർധിപ്പിച്ചതിലൂടെ 143 ശതമാനമാണ് വളർച്ചയുണ്ടായതെന്നും സർക്കാർ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃതപദ്ധതിയുടെ ആദ്യഘട്ടത്തില്‍ 83 കോളജുകളിലായി 5,972 കോടി ചെലവില്‍ 4,977 എംബിബിഎസ് സീറ്റുകളും 72 കോളജുകളില്‍ 1,498 കോടി ചെലവില്‍ 4,058 സീറ്റുകളും വർധിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 65 കോളേജുകളിലായി 4,000 എംബിബിഎസ് സീറ്റുകള്‍ക്ക് 4,478 കോടിയാണ് ചെലവിട്ടത്. അടുത്ത അഞ്ച് വർഷത്തിനിടെ രാജ്യത്ത് 75,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ തുടങ്ങുമെന്ന് ഈവർഷത്തെ ബജറ്റില്‍ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.