Fincat

മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി

വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമാകില്ല.

ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. അതിനാല്‍ തന്നെ യുഎസിന്‍റെ തീരുവ ഉയർത്തല്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ തീരുവ പ്രാബല്യത്തിലാകുന്നത്. എല്ലാ ബ്രാൻഡഡ്, പേറ്റന്റ് കമ്പനി മരുന്നുകൾക്കും നികുതി ബാധകമാകും.

മരുന്നുകൾക്ക് പുറമെ കിച്ചൻ കാബിനറ്റിന് 50 ശതമാനവും ഫർണിച്ചറുകൾക്ക് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള തലത്തിൽതന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നുവെന്ന കാരണത്താൽ ഇന്ത്യക്കെതിരെ നേരത്തെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ അടുത്ത തീരുവ പ്രഖ്യാപനം.