തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം മെസിക്കും അര്‍ജന്റീന ടീമിനും കായിക കേരളം വീരോചിതമായ സ്വീകരണമായിരിക്കും നല്‍കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മെസിയുള്‍പ്പെടെയുളള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും എന്നത് ആവേശകരമായ കാര്യമാണെന്നും മെസി വരാന്‍ പോകുന്നില്ലെന്നും അര്‍ജന്റീന ടീം കേരളത്തിലെത്തില്ലെന്നും ദിവസങ്ങളോളം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ നിരാശ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എകെജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മെസിയുള്‍പ്പെടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും എന്നത് ആവേശകരമായ കാര്യമാണ്. 2025 നവംബറില്‍ കേരളത്തിലെത്തുന്ന മെസിക്കും അര്‍ജന്റീനിയന്‍ ടീമിനും വീരോചിതമായ സ്വീകരണമായിരിക്കും കായിക കേരളം നല്‍കുക എന്ന കാര്യത്തിലും സംശയമില്ല. അര്‍ജന്റീനിയന്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര കേരളത്തിലെത്തുകയും സ്‌റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങള്‍, യാത്ര എന്നിവയെല്ലാം തൃപ്തികരമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങള്‍ മെസി വരാന്‍ പോകുന്നില്ലെന്നും അര്‍ജന്റീനിയന്‍ ടീം കേരളത്തിലെത്തില്ലെന്നും വലിയ ബാനര്‍ ഹെഡിംഗില്‍ ദിവസങ്ങളോളം വാര്‍ത്ത നല്‍കിയിരുന്നു. ഈ തെറ്റായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയ മാധ്യമങ്ങള്‍ക്കുതന്നെ അത് തിരുത്തേണ്ടിവന്നിട്ടുണ്ട്. അര്‍ജന്റീനിയന്‍ ടീമിന്റെയും മെസിയുടെയും വരവ് അവരെയെല്ലാം നിരാശ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് നടക്കുന്ന സമയത്ത് തന്നെ ധാരാളം മലയാളികള്‍ ഫുട്‌ബോള്‍ കാണുന്നതിനായി ഖത്തറില്‍ പോയിരുന്നു. ജനകീയ കായിക വിനോദമായ ഫുട്‌ബോളിനോടും മെസിയോടുമുളള മലയാളിയുടെ ആവേശം ലോകത്തിന് തന്നെ അറിയാവുന്നതാണ്’: എംവി ഗോവിന്ദന്‍ പറഞ്ഞു.
മെസി ആരാധകർക്ക് സന്തോഷവാർത്ത! ഫാന്‍സ് ഷോ പൂർണമായും സൗജന്യമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
മെസി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള ഫാൻസ് ഷോ പൂർണ്ണമായും സൗജന്യമാവുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുരക്ഷ പരിഗണിച്ച് സിറ്റിംഗ് കപ്പാസിറ്റി പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്നും എതിരാളികൾ ആരെന്ന പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അര്‍ജന്റീന മാനേജര്‍ മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്.