കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ രക്ഷപ്പെടുത്തി.

മലപ്പുറം: നിലമ്പൂരിൽ പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ വീട്ടിച്ചാൽ സ്വദേശി കൊയപ്പതൊടി വീട്ടിൽ ആനന്ദ് ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഒൻപത് വയസ്സ് പ്രായമുള്ള “ജോൺ ” എന്ന് പേരുള്ള കുതിരയാണ് വീട്ടിച്ചാൽ – രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണത്.

ഇടുങ്ങിയ ഓടയിൽ നിന്ന് കുതിരയെ രക്ഷപ്പെടുത്താൻ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയതിനാൽ രക്ഷപ്പെടുത്താനായില്ല. ഉടൻ തന്നെ നിലമ്പൂർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നിലബുർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ

നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ശേഷം നിലമ്പൂർ ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും നാട്ടുകാരുമായി ചേർന്ന് സേഫ്റ്റി ബെൽറ്റിന്റെ സഹായത്തോടെ കുതിരയെ ഓടയിൽ നിന്ന് രക്ഷപെടുത്തി പുറത്ത് എടുക്കുകയായിരുന്നു.

 

 

നിസ്സാര പരിക്ക് പറ്റിയ കുതിരക്ക് പ്രഥമ ശുശ്രൂഷനൽകി ശേഷം ഉടമസ്ഥന്റെ പറമ്പിലേക്ക് മാറ്റി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇഎം ഷിൻറു, വി. സലീം, കെ സഞ്ജു, ആർ. സുമീർകുമാർ, സിവിൽ ഡിഫെൻസ് വണ്ടിയർമാരായ കെ. എം. അബ്ദുൽ മജീദ്, അബു രാമംകുത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.