Fincat

ചെടിച്ചട്ടി കൈക്കൂലി: കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കുട്ടമണിയെ നീക്കും


തൃശൂര്‍: വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യാനുള്ള ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ചെടിച്ചട്ടി ഉത്പാദകരില്‍ നിന്നും കൈക്കൂലി വാങ്ങിയ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെ നീക്കും.മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. കെ എന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനാണ് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലിയായി 10,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് ആണ് കുട്ടമണിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരി നഗരസഭയില്‍ 3642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മുഖേന ടെന്‍ഡര്‍ വിളിച്ചിരുന്നു. ഓര്‍ഡര്‍ നല്‍കണമെങ്കില്‍ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം കൈക്കൂലി നല്‍കണമെന്നാണ് കുട്ടമണി ആവശ്യപ്പെട്ടത്. നേരത്തെ 25000 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 10000ത്തിലേക്ക് എത്തുകയായിരുന്നു.

കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചെടിച്ചട്ടി ഉത്പാദകന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം തൃശ്ശൂര്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച്‌ കുട്ടമണി വാങ്ങവേ അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു കുട്ടമണി.