ഷാംപൂ മുതല്‍ പയര്‍വര്‍ഗങ്ങള്‍ വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വിലകളില്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കുന്നു.. വിലനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്നും, നികുതിയിളവുകളുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുന്നില്ലെന്നും അധികൃതര്‍ ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജിഎസ്ടി നിരക്ക് കുറച്ചതിന് ആനുപാതികമായി ചില ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. വില സംബന്ധിച്ച അപാകതകള്‍ ചൂണ്ടിക്കാട്ടി ചില ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ താക്കീത് നല്‍കിയതായും സൂചനയുണ്ട്.
ജിഎസ്ടി കുറയ്ക്കുന്നതിന് മുന്‍പും ശേഷവുമുള്ള വിലകളില്‍ വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോള്‍ സാങ്കേതിക തകരാറുകള്‍ ആണ് കാരണം എന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വിശദീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നികുതി ഘടന മാറ്റി; 99% സാധനങ്ങള്‍ക്കും വില കുറഞ്ഞു
സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി നിരക്ക് അനുസരിച്ച്, 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് തട്ടുകളായി നികുതി ഘടന മാറ്റിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന 5, 12, 18, 28 ശതമാനം നിരക്കുകള്‍ ഏകീകരിച്ചതോടെ, നിത്യോപയോഗ സാധനങ്ങളില്‍ 99 ശതമാനത്തിനും വില കുറയുന്ന സാഹചര്യമുണ്ടായി. വില കുറയ്ക്കാതെ കമ്പനികള്‍ ലാഭം കൊയ്യുന്നത് സംബന്ധിച്ച പരാതികള്‍ക്കായി പ്രത്യേക സംവിധാനം നിലവില്‍ സജ്ജമാക്കിയിട്ടില്ലെങ്കിലും, സര്‍ക്കാര്‍ വില നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പല കമ്പനികളും സ്വമേധയാ മുന്നോട്ട് വന്ന് നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ധനമന്ത്രാലയം 54 സാധാരണ ഉപയോഗ വസ്തുക്കളുടെ വിലമാറ്റങ്ങള്‍ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജിഎസ്ടി ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് തിരിച്ചുള്ള പരമാവധി ചില്ലറ വില്‍പ്പന വില താരതമ്യം ചെയ്തുള്ള ആദ്യ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോടെ സമര്‍പ്പിക്കണം. ഈ 54 ഇനങ്ങളുടെ പട്ടികയില്‍ ബട്ടര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, ടൊമാറ്റോ കെച്ചപ്പ്, ജാം, ഐസ്‌ക്രീം, എയര്‍ കണ്ടീഷണര്‍, ടിവി, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍, ഗ്ലൂക്കോമീറ്റര്‍, ബാന്‍ഡേജുകള്‍, തെര്‍മോമീറ്റര്‍, ഇറേസറുകള്‍, ക്രയോണുകള്‍, സിമന്റ് എന്നിവ ഉള്‍പ്പെടുന്നു.