Fincat

ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 12 കോടി രൂപയാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. ഇന്ന് നടക്കുന്ന ചടങ്ങിൽ പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി കെ പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും.

കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.