കടയ്ക്കല്‍: സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തില്‍ നിന്ന് 34തവണയായി മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി പിടിയില്‍.10 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ പണയംവച്ച് തട്ടിയെടുത്തത്. കടയ്ക്കല്‍ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പണമിടപ്പാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഐരക്കുഴി കൊച്ചുതോട്ടംമുക്ക് താഴെത്തോട്ടം ഹൗസില്‍ അര്‍ച്ചനയാണ് ഒന്നരവര്‍ഷത്തിന് ശേഷം പിടിയിലായത്.
പണമിടപ്പാട് സ്ഥാപനത്തിലേക്ക് പണയം വയ്ക്കാന്‍ വരുന്ന സ്വര്‍ണം രണ്ടര ഗ്രാമില്‍ കൂടുതലാണെങ്കില്‍ പരിശോധിച്ചശേഷമാണ് ലോക്കറില്‍ വയ്ക്കുന്നത്. ഈ വിവരം അറിയുന്ന അര്‍ച്ചന രണ്ടര ഗ്രാമില്‍ കുറവുള്ള മുക്കുപണ്ടം 34തവണയായി പണയംവച്ചാണ് 10 ലക്ഷത്തോളം രൂപ തട്ടിയത്. കടയുടമ ഭക്ഷണം കഴിക്കാന്‍ പോകുന്ന നേരമായിരുന്നു തട്ടിപ്പ് നടത്താന്‍ അവര്‍ തിരഞ്ഞെടുത്ത സമയം. എന്നാല്‍,പണയംവച്ച സ്വര്‍ണാഭരണങ്ങളില്‍ ഉടമയ്ക്ക് സംശയം തോന്നിയിരുന്നു. തട്ടിപ്പ് പുറംലോകം അറിയുമെന്ന് മനസിലാക്കിയ ഘട്ടത്തില്‍ സ്ഥാപനത്തില്‍ നിന്ന മുങ്ങിയ അര്‍ച്ചന ഒളിവില്‍ പോയി. ഒരുവര്‍ഷമായി ഒളിവിലായിരുന്നു ഇവരെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ജോലിയ്ക്ക് നിന്ന വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.