അപകടം അറിയാൻ വൈകി; ഡ്രൈവർ മരിച്ചു.

ഏറ്റുമാനൂർ:എം.സി.റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട ലോറി ആറടി താഴ്ചയിലേക്ക്‌ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തിനുശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് വിവരം മറ്റുള്ളവർ അറിയുന്നത്. പട്ടിത്താനം ചുമടുതാങ്ങി വളവിലായിരുന്നു അപകടം. പൊള്ളാച്ചി മരച്ചിനകം പാളയം അരമന വീട്ടിൽ പത്തീശ്വരൻ (46)ആണ്‌ മരിച്ചത്. പൊള്ളാച്ചിയിൽനിന്ന് തേങ്ങയുമായി മണർകാടിന് പോവുകയായിരുന്നു ലോറി. പുലർച്ചെ അഞ്ചിനാണ് സംഭവമെന്ന് കരുതുന്നു.

 

അപകടം നടന്നത് ആദ്യം ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. രാവിലെ ഒൻപത് മണിക്ക് രത്നഗിരി കലവറക്കാലായിൽ ജോസഫ് കുര്യൻ ചുമടുതാങ്ങി വളവിനു സമീപത്തുള്ള തന്റെ തറവാട് വീട്ടിലേക്കു പോകുന്നതിനിടെയാണ് കപ്പത്തോട്ടത്തിൽ ലോറി മറിഞ്ഞുകിടക്കുന്നത് കാണുന്നത്. തുടർന്ന് സഹോദരനോടൊപ്പം സ്ഥലത്തെത്തി. ലോറിയുടെ ക്യാബിനിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവർ. ഹൈവേ പോലീസിനെ വിവരമറിയിക്കുകയും അവർ എത്തിയശേഷം മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ലോറിക്കടിയിൽ പിന്നെയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയം ഉണ്ടായതോടെ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിമാറ്റി. പത്തീശ്വരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.