Fincat

‘പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം’; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി

പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തി വച്ചതില്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കാസര്‍ഗോഡ് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസിലാക്കുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് – മന്ത്രി പറഞ്ഞു.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്രമേയമാക്കിയത്. മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകര്‍ സ്റ്റേജിലെത്തി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിടിഎ സ്‌കൂളില്‍ യോഗം ചേര്‍ന്നു. അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ധു പറഞ്ഞു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് അധ്യപകരുമായും പിടിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. അധ്യാപകര്‍ക്ക് തെറ്റ് പറ്റിയതായും വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് എംഎല്‍എ പറഞ്ഞു.