ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർ പ്രവീണ്‍ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനില്‍ എഴുതിയത് ഡോക്ടർ പ്രവീണ്‍ സോണിയാണ്. മധ്യപ്രദേശില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഈ ഡോക്ടറാണ് കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്.
കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മരണങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്ബനിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കേർപ്പെടുത്തി. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞിരുന്നു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് കമ്ബനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തിലും നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.
കോള്‍ഡ്രിഫ് ഉപയോഗിക്കരുതെന്ന് തെലങ്കാന ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷനും ഉത്തരവിറക്കി. ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് മാറ്റാനാണ് നിർദേശം. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മരുന്നിൻറെ സാമ്ബിള്‍ കേന്ദ്രം നിയോഗിച്ച ഉന്നതല സമിതി ശേഖരിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പരിശോധന. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ഉന്നത സംഘം പരിശോധിക്കും.