Fincat

പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്


ജാല്‍പൈഗുരി: പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നാഗറകടയിലാണ് സംഭവം.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശം സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ബിജെപി എംപി ഖഗന്‍ മുര്‍മു മറ്റ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സംഭവസ്ഥലത്തെത്തിയത്.

എന്നാല്‍ നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള്‍ട ഉത്തറിലെ എംപിയാണ് ഖഗെന്‍ മുര്‍മു. കൂടെയുണ്ടായിരുന്ന ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷിനും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന് നേരെയും അക്രമമുണ്ടായി. ‘ഖഗെന്‍ ദാ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്. കാറിനുള്ളില്‍ കല്ലുകളും തകര്‍ന്ന ഗ്ലാസ് ചില്ലുകളുമാണുള്ളത്. അടിയന്തര ചികിത്സ ആവശ്യമുള്ളതിനാല്‍ ഇവിടെ നിന്നും ഞങ്ങള്‍ ഉടന്‍ നീങ്ങുകയാണ്’, ശങ്കര്‍ ഘോഷ് സംഘര്‍ഷമുണ്ടായ ഉടന്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഖഗെന്‍ മുര്‍മുവിനുണ്ടായ പരിക്കുകളും കല്ലുകളും ചിതറിയ ഗ്ലാസുകളും അദ്ദേഹം വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പൊലീസിന്റെ മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര മന്ത്രി സുകന്ത മജുംദാര്‍ ആരോപിച്ചു. ഈ ഭീരുത്വവും നാണക്കേടും ബംഗാളിലെ ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ജനത നിങ്ങളുടെ അധാര്‍മികവും മനുഷ്യത്വരഹിതവുമായ ആക്രമണത്തെ ശിക്ഷിക്കുമെന്നും സുകന്ത മജുംദാര്‍ പറഞ്ഞു.

എന്നാല്‍ ഈ ആരോപണത്തെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഒരു തരത്തിലുള്ള അക്രമത്തെയും തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ‘ഇന്ന് നടന്നത് ബിജെപിയുടെ പരാജയമാണ്. സാധാരണക്കാരെ ദുരിതം ബാധിച്ചപ്പോള്‍ ദുരിതാശ്വാസത്തിന് ഒരു പദ്ധതിയുമില്ലാതെ 10 കാറുകളുമായി അവിടെ ഫോട്ടോ ഷൂട്ടിന് പോയതാണ് ബിജെപി നേതാക്കള്‍. ഇതോടെ നാട്ടുകാര്‍ പ്രകോപിതരാകുകയായിരുന്നു. ജനങ്ങളോടുള്ള നേതാക്കളുടെ ദീര്‍ഘകാലമായുള്ള അവഗണനയുടെ ഫലമാണിത്’, കുനാല്‍ ഘോഷ് പറഞ്ഞു.