Fincat

എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അരൂര്‍ എട്ടൊന്നില്‍ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി ഷാക്കിര്‍ (32), ഐക്കരപ്പടി ഇല്ലത്തുപടി ബാര്‍ലിമ്മല്‍ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനു ള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ല ഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം. സംഘത്തില്‍നിന്ന് 153 ഗ്രാം എം.ഡി.എം.എയും അ രലക്ഷം രൂപയും ലഹരി വസ്തു തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഷഫീഖ് രാസലഹരി കേസില്‍ ഭാര്യയോടൊപ്പം പിടിക്കപ്പെട്ട് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങി യത്.

വയനാട്ടില്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ലഹരി കേസും കൊണ്ടോട്ടിയില്‍ കളവ് കേസും ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഒരു വര്‍ഷം കാപ്പ പ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിനു ശേഷം വീണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലഹരി വില്‍പനയി ല്‍ സജീവമാവുകയായിരുന്നു.

വയനാട്ടില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് നൗഷാദ്. ഇയാളുടെ പേരിലും മറ്റ് രണ്ട് കേസുകള്‍ നിലവിലുണ്ട്. ലഹരി സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, ഡാന്‍സാഫ് സബ്ഇന്‍സ്പക്ടര്‍ വാസു എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസ് സംഘവുമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.