Fincat

ഈ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം, സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഹമാസ്; രണ്ടാംവട്ട ചർച്ച ഇന്ന് നടക്കും

ടെൽ അവീവ്: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഹമാസ്. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിന്മാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ സ്ഥിരമായിരിക്കണമെന്ന നിബന്ധനയും ഹമാസ് മുന്നോട്ടുവയ്ക്കുന്നു. ശാശ്വതമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിന്മാറ്റവും വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം. ഇന്ന് രണ്ടാം വട്ട ചർച്ച നടക്കാനിരിക്കെയാണ് ഹമാസ് മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചത്.

ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്.

‘ഇസ്രയേൽ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾക്ക് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞത്. ഗാസയിലെ ആക്രമണങ്ങൾ നിർത്തി വെക്കുന്നത് ഗുരുതരമായ തെറ്റാകുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ചും പ്രതികരിച്ചു. അതേസമയം ചർച്ചകളിൽ ഇപ്പോഴും ശുഭ പ്രതീക്ഷയെന്നാണ് ഇസ്രയേൽ പറയുന്നത്. സമാധാന നീക്കം വേഗത്തിലാക്കാൻ ട്രംപ് നിയോഗിച്ച ദൗത്യ സംഘവും ഈജിപ്തിലെ കെയ്‌റോവിലേക്ക് എത്തുന്നുണ്ട്.