Fincat

ഗാസയിൽ സമാധാനത്തിന്റെ നാളുകൾ? വെടിനിർത്തൽ അടക്കം സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും

വാഷിങ്ടണ്‍: ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

‘ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു’, ട്രംപ് പറഞ്ഞു.

കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. മധ്യസ്ഥത ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

‘കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീരത്വവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല’, ഹമാസ്
വ്യക്തമാക്കി. കരാറിന്റെ ആദ്യ ഘട്ടം ഒപ്പിട്ടതിന് പിന്നാലെ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക ഹമാസ് കൈമാറിയിട്ടുണ്ട്.

ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു’, നെതന്യാഹു പറഞ്ഞു.

കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് മധ്യസ്ഥത വഹിച്ച ഖത്തര്‍ അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ വളരെ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പ്രതികരിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അവസരമാണ് വെടിനിര്‍ത്തലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അമേരിക്കയുടെയും ഖത്തറിന്റെയും ഈജിപ്തിന്റെയും തുര്‍ക്കിയുടെയും നയതന്ത്രശ്രമങ്ങള്‍ ഈ മുന്നേറ്റത്തിന് കാരണമായെന്ന് ഐക്യരാഷ്ട്ര സഭയുടെ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

ഗാസയിലേക്കുള്ള സഹായ വിതരണങ്ങള്‍ യു എന്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കരാറിലെ ഘടകങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മാന്യമായ രീതിയില്‍ മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം. സ്ഥിരം വെടിനിര്‍ത്തല്‍ ഉറപ്പാക്കണം. സംഘര്‍ഷം അവസാനിക്കണം. ഗാസയിലേക്കുള്ള അവശ്യ സാധനങ്ങളും വാണിജ്യ സാമഗ്രികളും ഉടനടി തടസമില്ലാതെ പ്രവേശിപ്പിക്കണം. ഈ ബുദ്ധിമുട്ടുകള്‍ അവസാനിക്കണം’, ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലാണ് കരാറിലെ ആദ്യ ഘട്ടത്തില്‍ തീരുമാനമുണ്ടായത്. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖിലെ റെഡ് സീ റിസോര്‍ട്ടില്‍ വെച്ച് നടന്ന മൂന്നാം ദിന ചര്‍ച്ചയില്‍ ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, അമേരിക്കന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കൂടാതെ ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നര്‍, പ്രത്യേക നയതന്ത്രപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, നെതന്യാഹുവിന്റെ അടുത്ത സഹായിയായ ഇസ്രയേല്‍ നയതന്ത്രകാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്നാണ് പലസ്തീനിലെ സ്രോതസുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസ്സിം അല്‍ താനിയും പങ്കെടുത്തു. ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഹമാസ് നേതാക്കളായ ഖലീല്‍ അല്‍ ഹയ്യ, സഹെര്‍ ജബറിന്‍ എന്നിവരാണ് ഹമാസിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചയുടെ ഭാഗമായത്.

അതേസമയം കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പുരോഗമിക്കുമ്പോഴും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടും ചര്‍ച്ചകള്‍ നടന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഇസ്രയേല്‍ 271 വ്യോമാക്രമണം നടത്തിയെന്ന് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിക്കുന്നു. ജനസാന്ദ്രത ഏറിയ നഗരങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ഇക്കാലയളവില്‍ ആകെ 126 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും വ്യക്തമാക്കി.