കോഴിക്കോട്: വിവാഹം വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷാണ് അറസ്റ്റിലായത്.
2018 മുതല്‍ പുതിയറ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. ഇതിനിടെ 2023 ജൂലൈയിലും സെപ്റ്റംബറിലും 2024 ഓഗസ്റ്റിലുമായി വിവധയിടങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ നിര്‍ബന്ധപൂര്‍വം ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും പൊതുനിരത്തില്‍ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.