മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നു
മഞ്ചേരി: മെഡിക്കൽ കോളജിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് മഞ്ചേരി മെഡിക്കൽ കോളജിനെ പൂർണ്ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. കൊവിഡ് ഇതര ചികിത്സകൾ നിർത്തിലാക്കിയതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കകം ഒപി പ്രവർത്തനവും തുടങ്ങാനാണ് തീരുമാനം.
ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രിയാണ് മഞ്ചേരി മെഡിക്കൽ കോളജ്. പേ വാർഡും ബി ബ്ലോക്കും കൊവിഡ് ചികിത്സക്ക് വേണ്ടി നിലനിർത്തി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കും എബ്ലോക്കും ഉപയോഗിച്ചാണ് കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നത്. മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, പീഡിയാട്രിക് ഐസിയു ഉൾപ്പടെ 300 ൽ അധികം കിടക്കകളും കൊവിഡ് ഇതര രോഗികൾക്കായി സജീകരിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ നിന്നും സ്ഥലം മാറ്റിയ 46 ഡോക്ടർമാരും ഉത്തരവ് റദ്ദാക്കിയതോടെ തിരിച്ചെത്തിയിട്ടുണ്ട്.