Fincat

സ്കൂളിലെ ഹിജാബ് വിവാദം; ‘മന്ത്രിയുടെ നിലപാട് ആശങ്കാജനകം; പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി’

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ. സ്കൂളിലെ വിഷയത്തിൽ കോടതി തീരുമാനം നൽകിയതാണ്. വിഷയത്തിന് ഒരു പരിഹാരം ഉണ്ടായതിന് ശേഷമുള്ള മന്ത്രിയുടെ ഈ നിലപാട് ആശങ്കാജനകമെന്നും സിറോ മലബാർ സഭ കുറ്റപ്പെടുത്തി.

ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ല. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതി വെല്ലുവിളിക്കുകയാണോ എന്നും സീറോ മലബാർ സഭ ചോദിച്ചു.

മന്ത്രിക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു. വിദ്യാർഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെടുമെന്നായിരുന്നു മന്ത്രി വി ശിവൻ‌കുട്ടി അറിയിച്ചിരുന്നത്. സ്കൂൾ അധികൃതരുടെ ഭാ​ഗത്താണ് വീഴ്ചയെന്നും മന്ത്രി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ സ്‌കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സഭ രം​ഗത്തെത്തിയിരിക്കുന്നത്.
അതേസമയം സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ പരിഹാരം ഉണ്ടായി. തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മന്ത്രി വി ശിവൻകുട്ടി വിദ്യാർ‌ഥിയെ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് അറിയിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. പിന്നീട് സ്‌കൂൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുകയും ഹൈക്കോടതി സ്‌കൂളിന് സംരക്ഷണം നൽകുകയും ചെയ്തിരുന്നു.

ഇന്ന് ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും ഇന്ന് ചർച്ച നടത്തിയത്. ഇതിലാണ് സ്‌കൂളിന്റെ നിയമാവലി അനുസരിച്ചു മുൻപോട്ട് പോകാം എന്ന് കുട്ടിയുടെ പിതാവ് അനസ് അറിയിച്ചത്.