Fincat

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്താനും ശ്രിലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമാകാന്‍ വേണ്ടി പാകിസ്താന്‍ അതിര്‍ത്തിയിലെ ഉര്‍ഗുനില്‍ നിന്നും ശാരണയിലേക്ക് സഞ്ചരിക്കവേയായിരുന്നു ആക്രമണമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു.

ക്രിക്കറ്റ് താരങ്ങളെ കൂടാതെ മറ്റ് അഞ്ച് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും എസിബി പങ്കുവെച്ചിട്ടില്ല. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അഫ്ഗാന്‍ പരമ്പരയില്‍ നിന്നും ഒഴിവാകുന്നുവെന്ന് എസിബി വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രംഗത്തെത്തി. പരമ്പരയില്‍ നിന്നും മാറിനില്‍ക്കാനുള്ള തീരുമാനത്തെയും ക്യാപ്റ്റന്‍ സ്വാഗതം ചെയ്തു.

‘അഫ്ഗാനിസ്താനിലെ പാകിസ്താന്റെ വ്യോമാക്രമണത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതില്‍ ഞാന്‍ അതീവ ദുഖിതനാണ്. ലോകവേദികളില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച യുവ ക്രിക്കറ്റ് താരങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ജീവന്‍ അപഹരിച്ച ആക്രമണമാണ് നടന്നത്’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ അഫ്ഗാനെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉര്‍ഗുനിലെയും ബര്‍മാലിലെയും സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് പാകിസ്താന്‍ ലക്ഷ്യമിട്ടതെന്ന് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷമാണ് ഈ ആക്രമണം നടന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. 20 താലിബാന്‍ സൈനികരെ വധിച്ചതായി പാക് സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും 48 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഒപ്പുവെച്ചത്.