തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്‌സ ബീബി ചികിത്സ തേടിയിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുഖത്ത് നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ തുടരുകയും നാല് ദിവസത്തിന് ശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പനി കുറയാതിരുന്നതിനാല്‍ വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് അമീബിക് മസ്തിഷ്‌കജ്വരം. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുളള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാവുകയും ചെയ്യും.
രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.