Fincat

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനില്‍

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഒമാനില്‍ എത്തും. നാളെ രാവിലെ മസ്‌ക്കറ്റില്‍ എത്തുന്ന മുഖ്യമന്ത്രിയെ വിവിധ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്ര ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ശനിയാഴ്ച സലാലയില്‍ നടക്കുന്ന ‘പ്രവാസോത്സവം 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതോടൊപ്പം മലയാളം മിഷന്‍ സലാല ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രി ഒമാനില്‍ എത്തുന്നത്. ഒമാന് പിന്നാലെ ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. എന്നാല്‍ മുഖ്യമന്ത്രിയുടെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.