Fincat

സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ്‌ റിയാസ്

•തുറുവാണം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണോദ്ഘാടനം നടന്നു.

പൊന്നാനി നിയോജക മണ്ഡലത്തിലെ ബിയ്യം കായലിന് കുറുകെ പുതുതായി നിർമിക്കുന്ന തുറുവാണം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി .പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.

കാസറഗോഡ് എം എസ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തത്. നിർമാണ പ്രവൃത്തിക്ക് 37.01 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 462 മീറ്റർ നീളം വരുന്ന തുറുവാണം പാലത്തിന് 24 സ്പാനുകളാണുള്ളത്. പാലത്തിന്റെ ഫൗണ്ടേഷൻ പൈൽ ഫൗണ്ടേഷനാണ്. പാലത്തിന് 5.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.30 മീറ്റർ വീതി വരുന്ന ഒരുവശം മാത്രമുള്ള ഫൂട്ട് പാത്തും കൂടി ആകെ 7.50 മീറ്റർ വീതിയാണുള്ളത്. കൂടാതെ തുറുവാണം ഭാഗത്ത് അപ്രോച്ച് റോഡിന് 250 മീറ്റർ നീളവും, വടമുക്ക് ഭാഗത്ത് 750 മീറ്റർ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം. & ബി.സി. സർഫേസിങ്, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന ഗതാഗത സുരക്ഷാ സംവിധാനവും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പി.നന്ദകുമാർ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഇ സിന്ധു,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ എം.ബീന ടീച്ചർ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ വി. വേണുഗോപാൽ,സി.മൊയ്‌തീൻ എന്നിവരും സംബന്ധിച്ചു.