
ഡല്‍ഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് വനിത ഡോക്ടറെ പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ആരവ്(27) ആണ് അറസ്റ്റിലായത്. ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതയാക്കിയാണ് പീഡനം. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി.
ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതിയുമായി ഡോക്ടർ ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. സൈന്യത്തില്‍ ലെഫ്റ്റനന്റ് ആണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. ജമ്മു കശ്മീരിലാണ് ജോലി എന്ന് പറഞ്ഞുകൊണ്ട് സൈനിക വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇയാള്‍ അയച്ച് നല്‍കിയിട്ടുണ്ട്. പിന്നാലെ ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറുകയും ഫോണ്‍ കോളുകള്‍ വഴി സംസാരിക്കുകയുമായിരുന്നു.
ഒക്ടോബറിന്റെ തുടക്കത്തില്‍ ഡോക്ടറെ വിളിച്ച ഇയാള്‍ താന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും നേരില്‍ കാണാമെന്നും അറിയിച്ചു. ഇതേതുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്തി അവരെ ബോധരഹിതയാക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വനിത ഡോക്ടർ നൽകിയ പരാതിയിൽ ദിവസങ്ങളോളം നീണ്ട തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
