
കൊടുങ്ങല്ലൂര്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി മോഷണകേസില്‍ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ പൂനൂര്‍ മുജീബ് എന്ന മുജീബ് ആണ് പിടിയിലായത്. സെപ്റ്റംബര്‍ 24നും 30നും ഇടയില്‍ ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലെ അഞ്ച് നേര്‍ച്ചപ്പെട്ടികളില്‍നിന്ന് ഏകദേശം 50,000 രൂപയോളമാണ് മുജീബ് മോഷ്ടിച്ചത്.
വിവിധ ജില്ലകളിലായി മോഷണക്കേസിലും ലഹരി ഉപയോഗിച്ച കേസിലും പ്രതി
മുജീബ് കോഴിക്കോട് കസബ , കുന്നമംഗലം, പാലക്കാട് ടൗണ്‍, മാവൂര്‍, തിരൂരങ്ങാടി, കുന്നംകുളം, ഗുരുവായൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ആറ് മോഷണ കേസുകളിലും ഒരു കവര്‍ച്ച കേസിലും ഒരു മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മുജീബ് ചളിങ്ങാട് ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിന്റെ സമീപം എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ബിജു, സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി. അഭിലാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
