ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ഹീമോഗ്ലോബിന്റെ കുറവ്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്നതിന് ഇത് സഹായകമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവ ഉണ്ടാകാം. കൂടാതെ അളവ് ഗണ്യമായി കുറയുകയാണെങ്കില്‍ ഈ അവസ്ഥ വിളര്‍ച്ചയിലേക്ക് നയിക്കാം.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഭക്ഷണങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനായി നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

* ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും അമിത ക്ഷീണം തടയുന്നതിനും സഹായിക്കുന്നു.
* ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഒരു ബി-കോംപ്ലക്സ് വിറ്റാമിനാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിന്‍ അളവ് കുറയാന്‍ കാരണമാകും. പച്ച ഇലക്കറികള്‍, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
* ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മാതളനാരങ്ങ. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയ്ക്കൊപ്പം കാല്‍സ്യം, ഇരുമ്പ് എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളില്‍ ഒന്നാണിത്.
* ഈന്തപ്പഴമാണ് മറ്റൊരു ഭക്ഷണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.
*ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതില്‍ ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, നാരുകള്‍ എന്നിവയ്ക്കൊപ്പം ഫോളിക് ആസിഡും കൂടുതലാണ്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാന്‍ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക.

* പയര്‍വര്‍ഗ്ഗങ്ങള്‍ ഹീമോഗ്ലോബിന്‍ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇവയിലെ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും അളവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
* മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്പും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം എന്നിവയും നല്കുന്നു. സലാഡുകളിലോ സ്മൂത്തികളിലോ എല്ലാം ഇവ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
* ഇരുമ്പും വിറ്റാമിന്‍-സിയും അടങ്ങിയ തണ്ണിമത്തന് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് വിളര്‍ച്ചയെ തടയുന്നു.
