പൊന്നാനി സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

പൊന്നാനി താലൂക്കില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കെട്ടിടത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ആശയത്തോടെ നടന്ന സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

നിലവിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പരിമിതികളും കൂടാതെ വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഒന്നിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായി തീരും. 2022- 23 വര്‍ഷത്തെ ബഡ്ജറ്റില്‍ അനുബന്ധ നിര്‍മാണത്തിന് പത്തു കോടി രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ചാണ് കെട്ടിടനിര്‍മാണം നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. പൊന്നാനിയില്‍ ഇതിനോടകം 107 കോടി രൂപയുടെ വികസനം നടത്തിയിട്ടുണ്ട്. മാത്രമല്ല നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന ഇന്‍ഡസ്ട്രിയല്‍ ഹബ്ബിന്റെ ടെന്‍ഡര്‍ നടപടികള്‍ വൈകാതെ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവദാസ് ആറ്റുപുറം, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, പൊന്നാനി നഗരസഭ കൗണ്‍സിലര്‍ സീനത്ത്, മുന്‍ ചെയര്‍പേഴ്‌സണ്‍ സി.പി. മുഹമ്മദ് കുഞ്ഞി, കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
1997.39 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമായ രീതിയില്‍ വിഭാവനം ചെയ്ത കെട്ടിടത്തില്‍ എല്ലാ നിലകളിലും ശുചിമുറികള്‍, താഴത്തെ നിലയില്‍ റാമ്പ്, ഗോവണികള്‍ ലിസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ കെട്ടിടത്തെ നിലവിലുള്ള കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിന് ഒരു കണക്ഷന്‍ ബ്രിഡ്ജ് സംവിധാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
