ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാം വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം

മലപ്പുറം: ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാമെന്നിരിക്കെ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ലാതെ സ്വര്‍ണ്ണം വില്‍ക്കാന്‍ ജനുവരി 15 വരെ മാത്രമാണ് അനുമതിയുള്ളതെന്ന് സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്നവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യോഗം ചൂണ്ടിക്കാട്ടി. 2021 ജൂണ്‍ മാസം വരെ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 14, 18, 22 എന്നീ മൂന്നു കാരറ്റുള്ള ആഭരണങ്ങള്‍ ജ്വല്ലറികള്‍ക്ക് വില്‍ക്കാം. മേല്‍പ്പറഞ്ഞ തിയ്യതിക്കകം

ഏത് കാരറ്റില്‍ ആഭരണം നിര്‍മ്മിച്ചാലും എല്ലാ വ്യാപാരികളും ഹാള്‍മാര്‍ക്ക് ചെയ്യണം. സ്വര്‍ണ്ണം വില്‍ക്കാനും വാങ്ങാനും നിലവില്‍ ഹാള്‍മാര്‍ക്ക് വേണ്ട. ഹാള്‍ മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം പണയം വെക്കാന്‍ യാതൊരു തടസ്സവും എവിടെയുമില്ല. ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ മാറ്റ് അനുസരിച്ചുള്ള അന്നത്തെ വിപണന വില ഉപയോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ എന്‍ ടി കെ ബാപ്പു അധ്യക്ഷത വഹിച്ചു. ടി കെ സക്കീര്‍ ഇക്ബാല്‍ , പി. കെ. അയമു ഹാജി, കെ ടി അക്ബര്‍ , കെ വി എം കുഞ്ഞി , അടയാട്ടില്‍ ബഷീര്‍, നെല്‍ജോ നീലങ്കാവില്‍, കെ ടി അബൂബക്കര്‍, അബ്ദുല്‍ അസീസ് ഏര്‍ബാദ,് സംബന്ധിച്ചു.