
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതല്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.രാവിലെ 11 മണി മുതല്‍ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24വരെ പത്രിക പിൻവലിക്കാം.
സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ ഒമ്ബതിനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴുജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം നടക്കുന്നത് 11നാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെണ്ണല്‍.

തദ്ദേശതെരഞ്ഞെടുപ്പില്‍ കളം പിടിക്കാൻ മുന്നണികള്‍ സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തില്‍ മിക്കയിടത്തും ധാരണകളായി, ചിലയിടങ്ങളില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
