Fincat

മലബാര്‍ ഡെര്‍ബി; രണ്ടാം പാദം തിങ്കളാഴ്ച കോഴിക്കോട്ട്


സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ ടൂർണമെന്റില്‍ കാലിക്കറ്റ് എഫ്സി – മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച്ച നടക്കും.വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ആവേശകരമായ 3-3 സമനിലയില്‍ അവസാനിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച ജോണ്‍ കെന്നഡി അബ്ദുല്‍ ഹക്കു, ഗനി നിഗം, എന്നീ സൂപ്പർ താരങ്ങള്‍ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ കൂടെയാണ്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള എംഎഫ്സിയുടെ ബ്രസീലിയൻ താരം കെന്നഡിയും സിഎഫ്‌സിയുടെ യുവതാരം അജ്സലും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതും ഈ ഡെർബിയുടെ പ്രത്യേകതയാണ്. രണ്ടു പേരും ഏഴ് മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളടിച്ച്‌ ഒപ്പത്തിനൊപ്പമാണ്.

നിലവില്‍ ലീഗിലെ ടേബിള്‍ ടോപേഴ്‌സ് ആണ് കാലിക്കറ്റ്. 7 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് അവർക്കുള്ളത്. മലപ്പുറമാകട്ടെ 7 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ നാലാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് ഉറപിക്കണമെങ്കില്‍ എംഎഫ്സിക്ക് ഡെർബിയടക്കം വരുന്ന എല്ലാ കളിയിലും ജയിച്ചേ മതിയാകു. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റുമായി മലപ്പുറത്തിന് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും കാലിക്കറ്റ് എഫ്‌സി മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. കോഴിക്കോടിൻ്റെ മണ്ണില്‍ വെച്ച്‌ മലപ്പുറത്തിന് പ്രതികാരം വീട്ടാനാകുമോയെന്ന് തിങ്കളാഴ്ച കണ്ടറിയാം.