Fincat

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 6 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്


മധുര: തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേർ മരിച്ചു.32 പേർക്ക് പരിക്കേറ്റു. തെങ്കാശി ജില്ലയിലെ ഇടയ്ക്കല്‍ ഗ്രാമത്തിലാണ് സംഭവം.

തിരുമംഗലം-കൊല്ലം ദേശീയപാതയില്‍ (എൻ‌എച്ച്‌) തെങ്കാശിയില്‍ നിന്ന് രാജപാളയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ശങ്കരൻകോവിലില്‍ നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും പൂര്‍ണ്ണമായും തകര്‍ന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി തെങ്കാശി പൊലീസ് അറിയിച്ചു. പരുക്കേറ്റവർ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.