നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത, സർവീസുകൾ പുനക്രമീകരിച്ചു

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകാശ എയർ വിമാനങ്ങൾ റദ്ദാക്കി. കെ.എൽ.എം.: കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസിൻ്റെ ആംസ്റ്റർഡാം-ഡൽഹി (KL 871) സർവീസും തിരിച്ചുള്ള ഡൽഹി-ആംസ്റ്റർഡാം സർവീസും റദ്ദാക്കി. എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൻ്റെ മേഘങ്ങൾ പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഇൻഡിഗോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
