Fincat

ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ മുസ്‌കാൻ പെണ്‍കുഞ്ഞിന് ജന്മം നല്‍കി


മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലൊളിപ്പിച്ച മുസ്‌കാൻ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.മീററ്റിലെ ജയിലിലായിരുന്ന മുസ്‌കാനെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ജയില്‍ അധികൃതർ വ്യക്തമാക്കി. മുസ്‌കാൻ പ്രസവിച്ച വിവരം കുടുംബത്തെ അറിയിച്ചുവെങ്കിലും അവരെ കാണാൻ ആരും എത്തിയില്ല.

മൂത്ത മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നും നാട്ടിലെത്തിയപ്പോഴാണ് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേർത്ത് നല്‍കിയ ശേഷം ഭർത്താവ് സൗരഭിനെ മുസ്‌കാനും കാമുകനും ചേർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തിയത്. പിന്നാലെ തലയും കൈകളും വെട്ടിമാറ്റി, മറ്റ് ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ നീല നിറത്തിലുള്ള വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച്‌ നാലിനാണ് മുസ്‌കാനും കാമുകൻ സഹില്‍ ശുക്ലയും ചേർന്ന് ഇന്ദിരാനഗറിലെ വീട്ടില്‍ വച്ച്‌ സൗരഭനെ കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം 15 കഷ്ണങ്ങളാക്കി. ഭർത്താവിനെ കൊന്നെന്ന് സ്വന്തം വീട്ടുകാരെ അറിയിച്ച ശേഷം ഹിമാചലിലേക്ക് കടന്ന മുസ്കാനെയും കാമുകനെയും മാർച്ച്‌ 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്‌കാന്റെ മാതാപിതാക്കള്‍ മകള്‍ക്ക് എതിരെ പൊലീസില്‍ മൊഴിനല്‍കിയിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയ സൗരഭ് മൂത്ത കുട്ടിക്ക് വേണ്ടിയാണ് വിവാഹബന്ധം വേർപ്പെടുത്തുന്നതില്‍ നിന്നും പിന്മാറിയത്. മകളെ വിദേശത്ത് കൊണ്ടുപോകാനായിരുന്നു സൗരഭിന്റെ തീരുമാനം.

പ്രതികള്‍ ആദ്യം സൗരഭിന്റെ മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി കടത്താനായിരുന്നു തീരുമാനിച്ചത്. ഇവരുടെ സ്യൂട്ട്‌ക്കേസില്‍ നിന്നും സൗരഭിന്റെ എല്ലിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു.

2nd paragraph