Fincat

രാഹുല്‍ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി. ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുണ്ടെന്നും പ്രതിക്ക്‌ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ്‌ നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. കൂടാതെ മെഡിക്കല്‍ തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമുണ്ട്‌. കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. യുവതിയെ ക്രൂരമായി ഉപദ്രവിച്ചു. കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു.

1 st paragraph

യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്‌ത്രീ നല്‍കിയ പരാതിയിലും പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് ആണ്‌ കേസ് രജിസ്റ്റർ ചെയ്തത്‌. നിലവിലുള്ള കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘംതന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്.