
പുതുച്ചേരി: തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം ഡിസംബർ ഒമ്ബതിന് നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പൊതുയോഗം നടക്കുക.കർശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അധികൃതർ അനുമതി നല്‍കിയത്.
വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് ഒരു നിബന്ധന. കരൂരില്‍ ദുരന്തത്തിന് കാരണമായത് വിജയ് വൈകിവന്നത് മൂലമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഗർഭിണികള്‍, കുട്ടികള്‍, പ്രായമായവർ എന്നിവർ പങ്കെടുക്കാൻ പാടില്ല എന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകളൂം അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആകെ 5000 പേർക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാൻ അനുമതിയുണ്ടാകുക. ക്യു ആർ കോഡ് വഴിയാകും ഇവർക്ക് വേദിയില്‍ പ്രവേശനം അനുവദിക്കുക. ഇവരെയെല്ലാം 500 പേർ വീതമുള്ള 10 ബ്ലോക്കുകളിലായി ഇരുത്തണം എന്നുമാണ് വ്യവസ്ഥ.

പുതുച്ചേരിയിലെ പൊതുയോഗത്തിന് ആദ്യം അധികൃതർ അനുമതി നല്‍കിയിരുന്നില്ല. കേന്ദ്രഭരണ ഇടുങ്ങിയ റോഡുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം അനുമതി നിഷേധിക്കപ്പെട്ടത്. എന്നാല്‍ ടിവികെ രണ്ടാമതും അപേക്ഷ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കർശന നിബന്ധനകളോടെ അനുമതി ലഭിച്ചത്.കരൂർ ദുരന്തത്തിന് പിന്നാലെ കർശന നിബന്ധനകളോടെയാണ് വിജയ്‌യുടെ എല്ലാ പൊതുയോഗങ്ങളും നടക്കുന്നത്. സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.
ഇതിന് ശേഷം നടന്ന കാഞ്ചീപുരം സമ്മേളനം വിജയ് അടച്ചിട്ട വേദിയിലാണ് നടത്തിയത്. സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിലായിരുന്നു സമ്മേളനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു ആ പരിപാടിയില്‍ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്.

