
കൊച്ചി: മലയാറ്റൂരില്‍ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി.അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് വിവരം. എന്നാല്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല.
ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡരികിലെ ഒഴിഞ്ഞ പറമ്ബില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

ആണ്‍ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പുകയായിരുന്നു. എന്നാല്‍ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
